കണമല: പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാർ കടുവാസങ്കേതത്തിൽ നിന്നൊഴിവാക്കുന്നതിന്റെ ഭാഗമായി സർക്കാർ സമിതി രൂപീകരിക്കാൻ നടപടികളാകുന്നു. വനംമന്ത്രി ഷിബു ബേബി ജോൺ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ബഫർ സോണിന്റെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുള്ള കരട് നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര വന്യജീവി ബോർഡിന്റെ നിർദേശപ്രകാരമാണ് വനംവകുപ്പ് യോഗം ചേർന്നത്. തട്ടേക്കാട്, പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെയാണ് നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കുന്നതിന് കരട് നിർദേശങ്ങൾ നൽകാൻ ദേശീയ വന്യജീവി ബോർഡ് ആവശ്യപ്പെട്ടത്.
വനംമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തട്ടേക്കാട്, പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളിൽ ഉൾപ്പെട്ട നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരും എരുമേലി പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.
കേന്ദ്രസർക്കാരിന്റെ കരട് നിർദേശങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ബഫർ സോണും പെരിയാർ കടുവസങ്കേത പരിധിയും എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകളിൽ നിന്നൊഴിവാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. വനംമന്ത്രിയായിരിക്കും സമിതിയുടെ ചെയർമാൻ. ബന്ധപ്പെട്ട എംഎല്‍എമാര്‍ അംഗങ്ങളും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സമിതിയുടെ കണ്‍വീനറുമായിരിക്കും. എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിലെ ജനപ്രതിനിധികൾ സമിതിയിൽ അംഗങ്ങളാകും.
കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതിനും ജനപ്രതിനിധികളില്‍നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനാണ് സമിതികള്‍ രൂപീകരിക്കുന്നത്. സമിതികള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി വന്യജീവി ബോര്‍ഡിന് സമര്‍പ്പിക്കും.
യോഗത്തിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, ജില്ലാ പഞ്ചായത്തംഗം ആശ ജോയി, ബ്ലോക്ക് പഞ്ചായത്തംഗം ബിനു മറ്റക്കര, പമ്പാവാലി, എയ്ഞ്ചല്‍വാലി വാർഡ് അംഗങ്ങളായ ത്രേസ്യാമ്മ, ടോം കാലാപറമ്പിൽ എന്നിവർ പങ്കെടുത്തു.